Banner Ads

സർപ്പദോഷം പറഞ്ഞ് ഭയപ്പെടുത്തി 6.5 പവൻ സ്വർണവും പണവും തട്ടി; തൃശൂരിൽ രണ്ട് സ്ത്രീകൾ പിടിയിൽ

തൃശൂർ: സർപ്പദോഷമുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി സുജാത (28), പാപ്പിനിവട്ടം സ്വദേശിനി റോജ (43) എന്നിവരാണ് പിടിയിലായത്. കാഞ്ഞാണി പുത്തൻകുളം സ്വദേശിനി സ്വർണ്ണലത (70) ആണ് തട്ടിപ്പിനിരയായത്.

ഓഗസ്റ്റ് ആറിന് ഉച്ചയോടെ പുൽതൈലം വിൽക്കാനെന്ന വ്യാജേന സ്വർണ്ണലതയുടെ വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് സർപ്പകോപം തീർക്കാനായി സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും ഉണ്ടാക്കി സമർപ്പിക്കണമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണലതയിൽ നിന്നും മരുമകളിൽ നിന്നുമായി ആറര പവനോളം സ്വർണവും 6,500 രൂപയും തട്ടിയെടുക്കുകയായിരുന്നു. ആകെ 6.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

തട്ടിപ്പ് മനസ്സിലായതോടെ വീട്ടുകാർ  പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പോലീസ് ഇൻസ്പെക്ടർ കേഴ്‌സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത സ്വർണം വിറ്റ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് 48 ഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.