
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണ് ഫോറസ്റ്റ് ഓഫീസർക്കും രണ്ട് വനം വാച്ചർമാർക്കും പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണികണ്ഠന്റെ തോളെല്ലിനാണ് പരിക്കേറ്റിട്ടുള്ളത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് പ്രദേശത്തെ സൗരോർജ്ജ വൈദ്യുത വേലി തകർത്ത് കാട്ടാന തുമ്പൂർമുഴി ഭാഗത്തേക്ക് കടന്നത്. വിവരമറിഞ്ഞ് നൈറ്റ് പെട്രോളിംഗിലുണ്ടായിരുന്ന ജീവനക്കാരായ ഇവർ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പാഞ്ഞടുത്ത ആന ഇവരെ ഓടിക്കുകയായിരുന്നു.