Banner Ads

തൃശൂരിൽ ആഫ്രിക്കൻ ഒച്ച് ഭീതി: പൂങ്കുന്നത്ത് പെരുകി അധിനിവേശ ജീവികൾ; പൊറുതിമുട്ടി നാട്ടുകാർ

തൃശൂർ: മഴ പെയ്തൊഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. തൃശൂർ പൂങ്കുന്നത്താണ് അധിനിവേശ ജീവിവർഗത്തിൽപ്പെട്ട ഈ ഒച്ചുകൾ വൻതോതിൽ പെരുകി ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്.

തുടക്കത്തിൽ അങ്ങിങ്ങായി കണ്ട ഒച്ചുകളെ നാട്ടുകാർ നിസ്സാരമായാണ് കണ്ടത്. എന്നാൽ മൂന്നാഴ്ച പിന്നിട്ടതോടെ ഗ്രാമം മുഴുവൻ ഇവ കൈയടക്കുന്ന അവസ്ഥയിലെത്തി. മതിലുകൾ, വീടിന്റെ ഭിത്തികൾ, റോഡുകൾ, കിണറുകൾ തുടങ്ങി സർവ്വത്ര മേഖലകളിലും ഇപ്പോൾ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യമാണ്. കൃഷിയിടങ്ങളിലെ ചെടികളെയും സസ്യങ്ങളെയും ഇവ വൻതോതിൽ കരണ്ടുതിന്ന് നശിപ്പിക്കുന്നുണ്ട്.

പത്തു വർഷത്തോളം ആയുസ്സുള്ള ഈ ഒച്ചുകൾ ഒരു തവണ 500 മുതൽ 1200 വരെ മുട്ടകളാണ് മണ്ണിനടിയിൽ ഇടുന്നത്. ഇതുകൊണ്ടുതന്നെ എത്ര നശിപ്പിച്ചാലും ഇവയുടെ എണ്ണം വേഗത്തിൽ വർധിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പരാജീവികളെ വഹിക്കാൻ ശേഷിയുള്ള ഈ അധിനിവേശ ജീവികൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഒച്ചുകളുടെ ശല്യം വർധിച്ചതോടെ ഭീതിയോടെയാണ് നാട്ടുകാർ കഴിഞുകൂടുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.