Banner Ads

വിവാഹമോചന പക; ഭാര്യയുടെ ബന്ധുക്കളെ അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ കത്തികൊണ്ടു കുത്തുകയും കാറിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്രുദ്ദീനെ (33) ആണ് കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് സംഭവം. ഭാര്യയുടെ പിതൃസഹോദരൻ പള്ളിത്തൊടിക ഹാരിസ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബന്ധുവുമായ പി ഷൗക്കത്തലി എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. പ്രതിയുടെകത്തികൊണ്ടുള്ള ആക്രമണം തടയുന്നതിനിടെ പരിക്കേറ്റ ഹാരിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവരമറിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന ഷൗക്കത്തലിയെ പ്രതി കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് സ്കൂട്ടർ തിരിച്ചുവിട്ടാണ് ഷൗക്കത്തലി രക്ഷപ്പെട്ടത്. ലഹരിക്കടിമയായ നസ്രുദ്ദീനെതിരെ ഭാര്യ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിന് ശേഷവും മർദ്ദനം തുടർന്നതോടെയാണ് ബന്ധുക്കളുടെ സഹായത്തോടെ വിവാഹമോചന നടപടികളിലേക്ക് നീങ്ങിയത്. ലഹരിമരുന്ന് ഉപയോഗിച്ചതിനും കഞ്ചാവ് കടത്തിയതിനുമടക്കം അഞ്ചോളം കേസുകളിൽ പ്രതിയാണ് നസ്രുദ്ദീൻ.  പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.