Banner Ads

കാശിക്കു പോകുന്നു, ദൈവത്തോടലിയും; ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

കണ്ണൂർ : മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ മനംനൊന്ത് കാശിക്കു പോകുന്നു എന്ന് കത്തെഴുതിവെച്ച് 17കാരൻ നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ ശിവസൂര്യയെയാണ് കാണാതായത്.

ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും എന്നാണ് വിദ്യാർത്ഥി കത്തിൽ കുറിച്ചിരുന്നത്. സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശിവസൂര്യ സ്ഥിരമായി മൊബൈൽ ഗെയിമുകൾ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പിതാവ് ജിഗീഷ് ഫോൺ വാങ്ങി വെച്ചിരുന്നു. മൂന്ന് ദിവസം മുൻപ് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ശിവസൂര്യ ഇറങ്ങിപ്പോയത്.

കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. കുട്ടിയെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.