Banner Ads

കർക്കിടക വാവുബലി: തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; എയർപോർട്ട് യാത്രക്കാർ ശ്രദ്ധിക്കുക

തിരുവനന്തപുരം : കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളിലും ഗതാഗത-പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (11/08/2026) രാത്രി 10 മണി മുതൽ നാളെ (12/08/2026) ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം.

തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ പി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ എന്നിവിടങ്ങളിൽ വാഹനഗതാഗതവും പാർക്കിങ്ങും പൂർണ്ണമായി ക്രമീകരിക്കും.

ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിലെ വേങ്കറ ക്ഷേത്രത്തിന് സമീപമുള്ള സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.

ശംഖുംമുഖത്ത് ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ എയർഫോഴ്സ് സ്റ്റേഷൻ കർവ് ഭാഗത്തുള്ള ഗ്രൗണ്ട്, ബെയ്‌ലി പ്രസ് ഗ്രൗണ്ട്, സുനാമി പാർക്കിനോട് ചേർന്നുള്ള ഗ്രൗണ്ട്, ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡിൽ പാർക്കിങ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ സമയനഷ്ടം ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പോലീസ് അധികൃതർ നിർദേശിച്ചു.