Banner Ads

കേരളത്തിന്റെ പേരുമാറ്റ ബിൽ ഇന്ന് സഭയിൽ; ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

ദില്ലി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ തുടർച്ചയായ 15 ദിവസങ്ങളിലും അമിത് ഷാ സഭാനടപടികളിൽ പങ്കെടുത്തിരുന്നില്ല.

വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് അതിക്രമം, അയോധ്യ സംഭാവന ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം അമിത് ഷാ ഇന്ന് പാർലമെന്റിൽ എത്തിയേക്കുമെന്നാണ് സൂചന.

ലിസ്റ്റ് ചെയ്ത നാല് ബില്ലുകളിൽ കേരളത്തിന്റെ പേര് കേരളം എന്ന് ഔദ്യോഗികമായി മാറ്റുന്ന ബില്ലടക്കം രണ്ടെണ്ണം അവതരിപ്പിക്കേണ്ടത് അമിത്ഷായാണ്. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയും വിവിധ ക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിൽ സ്വീകരിക്കേണ്ട ഭാവി പ്രതിഷേധാനടപടികളും തന്ത്രങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇന്ന് രാവിലെ യോഗം ചേരും.