
ദുബായ് : യുഎഇയിൽ നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 28ന് പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും അന്ന് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയായതിനാൽ തുടർന്നു വരുന്ന ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേർത്ത് മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.
നേരത്തെ ഓഗസ്റ്റ് 25നായിരുന്നു നബിദിനം പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് ഓഗസ്റ്റ് 28ലേക്ക് നിശ്ചയിക്കുകയായിരുന്നു. ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതുഅവധി ദിവസങ്ങൾ വാരാന്ത്യത്തോട് ചേർത്ത് വലിയ അവധികളാക്കി മാറ്റാൻ യുഎഇയിൽ നിയമമുണ്ട്.
ഈ അധികാരം ഉപയോഗിച്ചാണ് യുഎഇ ക്യാബിനറ്റ് പെരുന്നാൾ ഒഴികെയുള്ള അവധികൾ പ്രവൃത്തിദിവസത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി ക്രമീകരിക്കുന്നത്.