
കല്പറ്റ : വയനാട് ചൂരൽമല വില്ലേജ് റോഡിൽ വീണ്ടും പുലിയിറങ്ങി. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയാണ് പുലി ഇറങ്ങിയത്.
നാലാം തവണയാണ് വിജയന്റെ വീട്ടുപറമ്പിൽ പുലിയെത്തുന്നത്. പ്രദേശത്ത് പുലിശല്യം രൂക്ഷമായതോടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്ന് വിജയൻ ആരോപിച്ചു.
തുടർച്ചയായി ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.