Banner Ads

കുടിച്ച ചായയ്ക്ക് പണം ചോദിച്ചതിന് തട്ടുകട തകർത്തു: കാപ്പ കേസ് പ്രതി പിടിയിൽ; സംഭവം തിരൂരിൽ

മലപ്പുറം : കുടിച്ച ചായയുടെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വയോധികന്റെ തട്ടുകട ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശിയായ മരക്കാർകണ്ടി വീട്ടിൽ റബീഹ് (27) ആണ് പിടിയിലായത്.

പറവണ്ണ മസ്ജിദിന് സമീപം 65കാരനായ വയോധികൻ നടത്തിയിരുന്ന തട്ടുകടയിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം ചോദിച്ചതിൽ പ്രകോപിതനായ റബീഹ് കടയിൽ അതിക്രമിച്ചു കയറി കത്തികാട്ടി വധഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങൾ, ഗ്ലാസുകൾ, കസേരകൾ തുടങ്ങിയവ അടിച്ച തകർത്തു.

ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വയോധികൻ നൽകിയ പരാതിയിൽ പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.