Banner Ads

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത; ആർഎസി ടിക്കറ്റുള്ളവർക്കും ഇനി കമ്പിളിപ്പുതപ്പ് ലഭിക്കും

ദില്ലി : ട്രെയിനുകളിലെ എസി കോച്ചുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ഉടനടി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ റെയിൽവേ സോണുകൾക്കും സർക്കുലർ അയച്ചു. എസി ചെയർ കാറുകൾ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലെയും യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും.

ഇതുവരെ ഒരു ബെർത്തിന് ഒരു കമ്പിളിപ്പുതപ്പ് എന്ന തോതിലായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാൽ ആർഎസി ടിക്കറ്റിൽ ഒരു സീറ്റിൽ തന്നെ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർണായക മാറ്റം. നിലവിൽ തേർഡ് എസിയിൽ നാല് ലോവർ ബർത്തുകളിലായി എട്ട് പേർക്കും സെക്കൻഡ് എസിയിൽ മൂന്ന് ലോവർ ബർത്തുകളിലായി ആറ് പേർക്കുമാണ് ആർഎസി അടിസ്ഥാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.

ബെഡ്‌റോളിനും പുതപ്പിനുമുള്ള തുക നൽകി ടിക്കറ്റെടുത്തിട്ടും യാത്രയ്ക്കിടെ പുതപ്പ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരൻ നൽകിയ പരാതിയിൽ ഉപഭോക്തൃ കമ്മീഷൻ അടുത്തിടെ റെയിൽവേക്ക് 25000 രൂപ പിഴ ചുമത്തിയിരുന്നു.