
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ വീടിനകത്ത് കാട്ടുപന്നി കയറി പരിഭ്രാന്തി പരത്തി. കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയായ പിഞ്ചുകുഞ്ഞ് അദ്ഭുതകരമായാണ് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.
വീട്ടുകാർ അടുക്കളഭാഗത്ത് സംസാരിച്ചു നിൽക്കെ, റോഡിലൂടെ ഓടിയെത്തിയ കാട്ടുപന്നി തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകൾ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് പന്നി ഓടിക്കയറിയത്. ഉടൻ തന്നെ ഫവാസിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം ധൈര്യപൂർവ്വം കുഞ്ഞിനെ കോരിയെടുത്ത് പുറത്തെത്തിക്കുകയും മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു.
തുടർന്ന് വാർഡ് കൗൺസിലർ പി. ഷംസിയ ടീച്ചർ നഗരസഭയെയും, പൊതുപ്രവർത്തകനായ സാലിം മഞ്ചേരി വിവരം ഷൂട്ടർമാരെയും അറിയിച്ചു. സ്ഥലത്തെത്തിയ ഷൂട്ടർമാരായ കെ. വി. ഇല്യാസ് ബാബു ആനക്കയം, കെ. വി. നൗഷാദ് എന്നിവർ ജനലിലൂടെ മുറിക്കകത്തുണ്ടായിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ജഡം കുഴിച്ചുമൂടി.
ദിവസങ്ങൾക്ക് മുൻപ് ഒതുക്കുങ്ങലിലും തുറന്നുകിടന്ന വാതിലിലൂടെ തെരുവുനായ അകത്തുകയറി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറിയ സംഭവം നടന്നിരുന്നു. വീടുകൾക്കുള്ളിലേക്ക് പോലും ആക്രമണകാരികളായ വന്യജീവികളും തെരുവുനായ്ക്കളും കയറിക്കൂടുന്നത് നാട്ടുകാരിൽ വലിയ ഭീതി പടർത്തുന്നുണ്ട്.