
ഡൽഹി : തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) കനത്ത മോശം കാലാവസ്ഥയെ തുടർന്ന് ശക്തമായ ആകാശച്ചുഴിയിൽ പെട്ടു. യാത്രയിലുടനീളം പ്രക്ഷുബ്ധമായ അന്തരീക്ഷം നേരിട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഏകദേശം 300 അടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
കനത്ത കുലുക്കത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാർക്കും 4 ജീവനക്കാർക്കും പരിക്കേറ്റു. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. പെട്ടെന്നുണ്ടായ അടിയന്തര സാഹചര്യത്തിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.
ലാൻഡിംഗിന് പിന്നാലെ പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ അടിയന്തര പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട വ്യോമയാന അധികാരികളുമായി ചേർന്ന് അന്വേഷണം നടന്നുവരികയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.