Banner Ads

വനത്തിൽ ഉരുൾപൊട്ടലുണ്ടായി, ആളുകളെ മാറ്റാൻ സമയം കിട്ടിയില്ല; പത്തനംതിട്ടയിൽ അടിയന്തര സഹായങ്ങൾ ഉറപ്പുനൽകി മുഖ്യമന്ത്രി

പത്തനംതിട്ട : പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ദുരിതബാധിതരെ കണ്ട് അടിയന്തര സഹായങ്ങൾ ഉറപ്പുനൽകി. പത്തനംതിട്ടയിലെ നദികളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മണ്ണ് നീക്കുന്ന കാര്യത്തിൽ അടുത്ത പ്രളയം വരെ കാത്തുനിൽക്കില്ലെന്നും അടിയന്തര പ്രാധാന്യത്തോടെ പത്തനംതിട്ട ജില്ലയ്ക്ക് തന്നെ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അതിനൂതന ദുരന്തനിവാരണ സംവിധാനം നടപ്പിലാക്കുമെന്നും ഇതിന്റെ ആദ്യ പ്രോജക്ട് പത്തനംതിട്ടയിലായിരിക്കും ആരംഭിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധാനമായിരിക്കും ഇത്. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കൂടുതൽ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തും. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കും. അതിതീവ്ര മഴയാണ് പ്രദേശത്തുണ്ടായത്.

വനത്തിൽ ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല.  പ്രളയവിവരം അറിഞ്ഞ ഉടൻ എല്ലാ മന്ത്രിമാരെയും വിവിധ ജില്ലകളിലേക്ക് അയക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങൾക്കും സിപിഎമ്മിന്റെ വിമർശനങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.