Banner Ads

തെരുവുനായ്ക്കൾക്ക് പരസ്യമായി ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ വകുപ്പ് മാർഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും പോലീസിനും അനുമതി നൽകി. കൂടാതെ, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും മാർഗ്ഗരേഖയിൽ നിർദ്ദേശമുണ്ട്.

പൊതുവഴികളിൽ ഭക്ഷണം വലിച്ചെറിയുന്നതും തെരുവുനായ്ക്കൾക്ക് നൽകുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും. പകരം, ഓരോ വാർഡിലും നായ്ക്കളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തുന്ന നിശ്ചിത സ്ഥലങ്ങളിൽ മാത്രം ഭക്ഷണം നൽകാം.ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ നിർമ്മിക്കാൻ സ്വകാര്യ പങ്കാളിത്തം തേടും.

ആളുകൾ ഒത്തുകൂടുന്ന പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടും. ഇവയെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും വിധേയമാക്കിയ ശേഷം പിടികൂടിയ സ്ഥലങ്ങളിൽ തന്നെ തിരികെ വിടും.പേവിഷബാധ സംശയിക്കുന്നവയെയും തീവ്രമായ ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും പൊതുവിടങ്ങളിലേക്ക് വിടാതെ പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കും.