
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ദുരന്തമുഖമായ പത്തനംതിട്ട ജില്ലയിലെ റാന്നി, ആറൻമുള എന്നീ പ്രളയബാധിത പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിക്കും. ഉച്ചയ്ക്ക് ആറൻമുളയിലാണ് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തും.
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം. റാന്നിയിലടക്കം വെള്ളപ്പൊക്കം രൂക്ഷമായ സമയത്ത് കടയുടെ ഉദ്ഘാടനത്തിലും പൊന്നാനിയിലെ സ്വകാര്യ വിരുന്നിലും പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഭരണപക്ഷമായ എൽ.ഡി.എഫ് നേതാക്കൾ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രത നിർദ്ദേശവും തുടരുകയാണ്. എന്നാൽ വനമേഖലയിൽ കഴിഞ്ഞ രാത്രി ശക്തമായ മഴയുണ്ടായിട്ടില്ല. ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂവായിരത്തിലധികം പേരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.മുൻകരുതലിന്റെ ഭാഗമായി ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്.