Banner Ads

വിവാഹ വാർഷിക കേക്കിൽ പൂപ്പൽ: കുട്ടികളടക്കം 6 പേർ ആശുപത്രിയിൽ; കാസർകോട് ബേക്കറി പൂട്ടിച്ചു

കാസർകോട്: പരപ്പയിൽ വിവാഹ വാർഷികാഘോഷത്തിനായി വാങ്ങിയ കേക്കിൽ പൂപ്പൽ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ച് നോട്ടീസ് നൽകി. പരപ്പയിൽ പ്രവർത്തിക്കുന്ന ‘സ്വീറ്റി ബേക്കറി’ക്കെതിരെയാണ് കനകപ്പള്ളി സ്വദേശി സലീം പരാതി നൽകിയത്.

ശനിയാഴ്ച രാത്രി സലീമിന്റെ ബന്ധുക്കൾ സമ്മാനമായി നൽകിയ കേക്ക് കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ള 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കേക്ക് കഴിച്ചപ്പോൾ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂപ്പൽ കണ്ടെത്തിയത്.

വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് കിനാനൂർ – കരിന്തളം പഞ്ചായത്ത് ആരോഗ്യ വിഭാഗം ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞത്.