Banner Ads

ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത അട്ടിമറി; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കനത്ത പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി. പാർട്ടി കോട്ടയായ ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകനും പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയം നേടി.സിറ്റിങ് എം.എൽ.എയായിരുന്ന നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വോട്ടെണ്ണൽ അവസാന ഘട്ടത്തോടടുക്കുമ്പോൾ പ്രശാന്ത് കിഷോർ 18,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ബി.ജെ.പിയുടെ നീരജ് കുമാർ സിൻഹ രണ്ടാം സ്ഥാനത്തും ആർ.ജെ.ഡി സ്ഥാനാർത്ഥി രേഖ കുമാരി മൂന്നാം സ്ഥാനത്തുമാണ്. 2010-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ നിതിൻ നബീനിലൂടെ ബി.ജെ.പി മാത്രം വിജയിച്ചിട്ടുള്ള ഈ മണ്ഡലത്തിലാണ് ജൻ സുരാജ് വൻ മുന്നേറ്റം നടത്തിയത്.

കോൺഗ്രസ് എം.എൽ.എയായിരുന്ന രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്ന ദതിയയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കുൻവാർ ഘൻശ്യാം സിങ് വിജയത്തിലേക്ക് കുതിക്കുന്നു. ബി.ജെ.പിയുടെ അഷുതോഷ് തിവാരിക്കെതിരെ ആറായിരത്തിലധികം വോട്ടുകളുടെ ലീഡാണ് ഘൻശ്യാം സിങ്ങിനുള്ളത്. ബി.ജെ.പി നേതാവ് നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി പാർട്ടിയിലുണ്ടായ ആഭ്യന്തര ഭിന്നതയും ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയായി.മഞ്ചാൽപൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലും പൂർത്തിയായി ഫലപ്രഖ്യാപനം നടത്തി.