Banner Ads

അരൂരിലെ ഗൃഹനാഥന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പോലീസ്, ചിരവയിൽ തലയിടിച്ചുള്ള പരിക്ക്

അരൂർ : അരൂർ ഒന്നാം വാർഡിൽ രാഹുൽ നിവാസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കെ കെ രമേശന്റെ മരണത്തിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കുഴഞ്ഞുവീഴുമ്പോൾ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ തലയിടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു.

വിദേശത്തുള്ള മകൾ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അയൽവാസി വീടിന്റെ അടുക്കളയിൽ രമേശനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തലയ്ക്ക് പിന്നിൽ മുറിവും രക്തവും കണ്ടത് സംശയങ്ങൾക്കിടയാക്കിയെങ്കിലും രമേശൻ ധരിച്ചിരുന്ന സ്വർണ്ണമാല ഉൾപ്പെടെയുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഫോറൻസിക് വിദഗ്ധരും അരൂർ പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചിരവയിൽ നിന്ന് രമേശന്റെ തലമുടി ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ തലയ്‌ക്കേറ്റ മുറിവ് ആക്രമണത്തെ തുടർന്നുള്ളതല്ലെന്നും വീഴ്ചയിലുണ്ടായ അപകടമാണെന്നും പോലീസ് സർജൻ സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും കുമ്പളം ശാന്തിഭൂമിയിൽ സംസ്കരിക്കുകയും ചെയ്തു.