
കല്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.സംസ്ഥാനത്തെ മലയോര മേഖലകളിൽ ഉൾപ്പെടെ വരും മണിക്കൂറുകളിലും രാത്രിയിലുമായി കൂടുതൽ പ്രദേശങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ഓഗസ്റ്റ് 2-ഓടെ 30 മുതൽ 40 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ടായിരുന്നു. കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നാളെയും കളക്ടർ അവധി പ്രഖ്യാപിച്ചത്.