
ന്യൂഡൽഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും തെരുവിൽ ഇറങ്ങിയ യുവാക്കളുടെ കരുത്തിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബിജെപിയും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താൻ ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർ.എസ്.എസ് കവരുകയാണ്. രാജ്യത്തെ സർവകലാശാലകളുടെയെല്ലാം തലപ്പത്ത് ആർ.എസ്.എസുകാരെയാണ് നിയമിച്ചിരിക്കുന്നത്. പരീക്ഷകളെല്ലാം അട്ടിമറിക്കപ്പെടുകയും വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ കമ്പനികളാണ് ഇപ്പോൾ പരീക്ഷകൾ നടത്തുന്നതും നിരീക്ഷിക്കുന്നതും. ആർ.എസ്.എസ് സ്വകാര്യ മേഖലയിലേക്കും കടന്നുകയറി കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ ആയിരുന്നില്ല, മറിച്ച് ആർ.എസ്.എസ് ആണ് വിദ്യാഭ്യാസ മന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ ഭക്തരായി മാറണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് രൂപയാണ് ഇവർ കവർന്നതെന്നും രാഹുൽ ആരോപിച്ചു.
ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ട്. പ്രതിഷേധം നിലവിലെ വ്യവസ്ഥയോടുള്ള വിദ്യാർത്ഥികളുടെ അമർഷമായിരുന്നു. അതിൽ താനും ആവേശഭരിതനായി. അവിടുത്തെ ഒരു പെൺകുട്ടിയോട് “നിങ്ങളെ ബഹുമാനിക്കാത്തവരെ നിങ്ങൾ എന്താണ് വിളിക്കുക?” എന്ന് ചോദിച്ചപ്പോൾ ‘ഇഡിയറ്റ്’ (വിഡ്ഢി) എന്നായിരുന്നു അവളുടെ മറുപടി. ഇത് രാഹുൽ സഭയിൽ പരാമർശിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ കടുത്ത ബഹളം ആരംഭിച്ചു.
താൻ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ വികാരമാണ് സഭയിൽ പങ്കുവെച്ചതെന്നും രാഹുൽ വ്യക്തമാക്കി. താൻ പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും, താൻ ആരെയും വിഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്നും ചില ‘ഇഡിയറ്റുകൾ’ തങ്ങളാണ് ദൈവമെന്നും സകലതും തങ്ങളുടെ സൃഷ്ടിയാണെന്നും കരുതുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്ന് രാഹുൽ മറുപടി നൽകി. ബഹളം വെയ്ക്കുന്ന ഭരണപക്ഷത്തോട്, “നിങ്ങളെയല്ല ഞാൻ ഉദ്ദേശിച്ചത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വിദ്യാർത്ഥികളുടെ പേര് പറഞ്ഞ് രാഹുൽ ഗാന്ധി മോശം പദപ്രയോഗങ്ങൾ നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. രാഹുലിന്റെ ‘ഇഡിയറ്റ്’ എന്ന പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗം തടസ്സപ്പെടുത്തുകയല്ലെന്നും കൂടുതൽ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും റിജിജു പറഞ്ഞു. താൻ സംസാരിച്ചു തുടങ്ങിയാൽ ഭരണപക്ഷം ബഹളമുണ്ടാക്കുമെന്ന രാഹുലിന്റെ മറുപടിക്ക്, താങ്കൾ സഭയിലെ പ്രതിപക്ഷ നേതാവാണെന്ന കാര്യം ഓർക്കണമെന്നും റിജിജു ഓർമ്മിപ്പിച്ചു.
‘ഇഡിയറ്റ്’ എന്ന വാക്ക് സഭയിലെ ഏതെങ്കിലും അംഗത്തിനെതിരെ ഉപയോഗിച്ചാൽ അത് തെറ്റാണെന്നും എന്നാൽ താൻ ആരെയും അങ്ങനെയല്ല വിശേഷിപ്പിച്ചതെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ, ചട്ടവിരുദ്ധവും നിലവാരമില്ലാത്തതുമായ പദപ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു