
മലപ്പുറം: മലപ്പുറം അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിനിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
എന്നാൽ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാതിരുന്നതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ (റെഫർ) അധികൃതർ നിർദേശിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകും മുൻപ് ശുചിമുറിയിൽ കയറിയ യുവതി പ്രസവിക്കുകയും, കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.