
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസുകളിൽ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാരെ ഉടനടി സസ്പെൻഡ് ചെയ്യാൻ മാനേജിംഗ് ഡയറക്ടർ നിർദേശം നൽകി. തിങ്കളാഴ്ച ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ കർശന തീരുമാനം.ഓർഡിനറി ബസുകളിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇനി മുതൽ ഓർഡിനറി ബസുകളിൽ വിജിലൻസ് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കാനും വിജിലൻസ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.പ്രിയദർശിനി സർവീസുകളിലെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണവും വരുമാനവും ഓരോ ഡിപ്പോയിലും പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം.ടിക്കറ്റുകളുടെ എണ്ണവും തുകയും രേഖപ്പെടുത്തുന്ന വിവരങ്ങൾ ടിക്കറ്റ് ആൻഡ് കാഷ് സൂപ്രണ്ടും ഓഡിറ്റ് സൂപ്രണ്ടും ദിവസേന പരിശോധിച്ച് ഒപ്പുവെക്കേണ്ടതുണ്ട്.
പ്രതിദിന കളക്ഷൻ വിവരങ്ങൾ സി-ഡിറ്റ് പ്രോഗ്രാമിൽ കൃത്യമായി രേഖപ്പെടുത്തണം.വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ശക്തമായ അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് സർക്കുലറിലൂടെ മുന്നറിയിപ്പ് നൽകി.