Banner Ads

സിജെപി സമരം; പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും നേരെ അതിക്രമം കാണിച്ച ദില്ലി പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പ്രധാന ആവശ്യം.

കഴിഞ്ഞ തവണ ഈ വിഷയം അടിയന്തിരമായി പരിഗണിക്കാൻ ഹർജിക്കാരന്റെ അഭിഭാഷകൻ ശ്രമിച്ച വേളയിൽ കോടതിയുടെ സമയം കളയരുത് എന്ന തരത്തിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ കൃത്യമായ ഹർജി സമർപ്പിക്കാതെ കത്തിന്റെ രൂപത്തിലുള്ള നിവേദനം മാത്രമാണ് നൽകിയിരുന്നതെന്നും കേസിന്റെ വിശദാംശങ്ങൾ അഭിഭാഷകൻ അന്നേദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തുകയായിരുന്നു.