
ആലുവ : എടത്തലയിൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതരും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടത്തല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പോക്സോ കേസിലെ പ്രതിയായ 19കാരനൊപ്പമാണ് പെൺകുട്ടി പോയതെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി സ്വദേശികളായ കുടുംബം പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് ആലുവയിലേക്ക് താമസം മാറിയത്. എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് കുട്ടി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയതെന്ന് കണ്ടെത്തി.
റെയിൽവേ സ്റ്റേഷനിലിറങ്ങിയ കുട്ടി ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി ഒരാളെ വിളിച്ചതായി ഡ്രൈവർ മൊഴി നൽകി. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കായംകുളം സ്വദേശിയായ 19കാരനായ പോക്സോ കേസ് പ്രതിയെയാണ് കുട്ടി വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായാണ് സംശയം.
ചിലർ പെൺകുട്ടിയെ സ്റ്റേഷനിൽ കണ്ടതായി പറയുന്നുണ്ടെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ ചിത്രം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും കൈമാറിയിട്ടുണ്ട്.