
കോഴിക്കോട് : മയക്കുമരുന്ന് വില്പനയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപികയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് പിടിയിലായത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ കാവ്യയെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് ആവശ്യക്കാരിൽ നിന്ന് പണം സ്വീകരിക്കുന്ന അക്കൗണ്ടുകളിലൊന്ന് കാവ്യയുടേതായിരുന്നു.
ലഹരിമരുന്ന് ആവശ്യപ്പെടുന്നവർ പണം നേരിട്ട് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകും. അക്കൗണ്ടിൽ പണം എത്തിയതായി കാവ്യ ഉറപ്പുവരുത്തിയ ശേഷം മറ്റൊരാൾ വഴിയാണ് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു നൽകിയിരുന്നത്. കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. ലഹരിവില്പനയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനി കീർത്തനയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കീർത്തനയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. ലഹരി സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് വടകര പൊലീസ് അറിയിച്ചു.