
കണ്ണൂർ : മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നംകുളം മുൻ എംഎൽഎ പികെ കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന പികെ ശ്രീമതി ഫാമിലി പെൻഷൻ കൈപ്പറ്റിയെന്ന രീതിയിലാണ് വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തിപരമായ അധിക്ഷേപവും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
സൈബർ ഓപ്പറേഷൻസ് ഐജി പി പ്രകാശിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, കർമ്മ ന്യൂസ്, ഭാരത് ലൈവ്, സായാഹ്ന പത്രമായ സുദിനം തുടങ്ങി തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് നടപടി. വ്യാജ വാർത്തകളുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം.
വാർത്തകളുടെ ആധികാരികതയും സ്രോതസ്സും സ്ഥിരീകരിക്കാൻ മെറ്റയ്ക്ക് കത്ത് നൽകും. വ്യാജ സന്ദേശങ്ങൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.