Banner Ads

നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; പത്തനംതിട്ട സ്വദേശിനിയായ യുവതി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിന് പിന്നിൽ പ്രവാസി യുവതിയെന്ന് പൊലീസ്. പത്തനംതിട്ട സീതത്തോട് സ്വദേശി ആണ് യുവതി. ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരുകയാണ്.

വിദേശത്തായിരുന്ന യുവതിയുടെ പ്രസവവിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഗർഭിണിയായതിനെ തുടർന്ന് നാട്ടിലെത്തിയ ഇവർ സുഹൃത്തിന്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. സുഹൃത്ത് ഏർപ്പാടാക്കിയ സഹായിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷമാണ് യുവതി കടന്നുകളഞ്ഞത്.

ആശുപത്രി രേഖകളിൽ വയനാട് സ്വദേശിയെന്നാണ് യുവതി വിലാസം നൽകിയിരുന്നത്. എട്ടാം തീയതിയാണ് യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. വ്യാജ വിലാസമായതിനാൽ തുടക്കത്തിൽ പൊലീസിന് അന്വേഷണം വെല്ലുവിളിയായെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് യുവതി പത്തനംതിട്ട സീതത്തോട്ടിലുണ്ടെന്ന് കണ്ടെത്തിയത്.