Banner Ads

ഡൽഹിയിലെ നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തു; വിമർശിച്ചവരെക്കൊണ്ട് കയ്യടിപ്പിച്ച് ജാൻമണി ദാസ്

കൊച്ചി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്. അവതാരക രഞ്ജിനി ഹരിദാസിനൊപ്പമാണ് ജാൻമണി പ്രക്ഷോഭ വേദിയിലെത്തി പിന്തുണ അറിയിച്ചത്. ഡൽഹിയിൽ പോയി ഞാൻ വലുതായി ഒന്നും ചെയ്തിട്ടില്ല.

എന്റെ ഒരു ശതമാനം സംഭാവന മാത്രമേ നൽകിയിട്ടുള്ളൂ. അവിടെ പോയി എന്റെ സാന്നിധ്യവും പിന്തുണയും അറിയിച്ചു എന്ന് മാത്രം എന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ജാൻമണിയുടെ പ്രതികരണം. കേരളത്തിൽ ജീവിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്നും മലയാളിയായതിൽ അഭിമാനിക്കുന്നുവെന്നും ജാൻമണി പറഞ്ഞു.

തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ ട്രോളിയവരോടും അധിക്ഷേപിച്ചവരോടും വ്യത്യസ്തമായ രീതിയിലാണ് താരം പ്രതികരിച്ചത്. എന്നെ ട്രോളുന്നവർ അത് നിർത്തരുത്. അതില്ലാതെ ഞാൻ എങ്ങനെ ജീവിക്കും. അച്ഛനും അനിയനുമടക്കം എന്റെ കുടുംബാംഗങ്ങൾ പോലും എന്നെ ട്രോളാറുണ്ട്. എനിക്ക് ഇനിയും ട്രോളുകൾ വേണം. മുമ്പ് ട്രോളിയതിന് ആരും എന്നോട് മാപ്പ് പറയേണ്ടതില്ല.

സ്വന്തമായി കരുതുന്ന ആളുകൾക്കിടയിൽ സോറി, താങ്ക്യൂ എന്നിവയുടെ ആവശ്യമില്ലെന്നും ജാൻമണി പറഞ്ഞു. അസമിൽ നിന്ന് കേരളത്തിലെത്തി മലയാള സിനിമാരംഗത്തും മോഡലിംഗ് രംഗത്തും മുൻനിര മേക്കപ്പ് ആർട്ടിസ്റ്റായി വളർന്ന ജാൻമണിയുടെ രാഷ്ട്രീയ നിലപാടിനെയും പ്രക്ഷോഭ പിന്തുണയെയും ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

ഒരുകാലത്ത് കളിയാക്കിയവർ തന്നെ ഇപ്പോൾ ജാൻമണിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. കൃത്യമായ നിലപാടിലൂടെ കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ചെന്നും താരത്തോട് വലിയ ബഹുമാനം തോന്നുന്നുവെന്നും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.