Banner Ads

വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ ചർച്ചയില്ല; ഫാസ്റ്റ് ട്രാക്ക് പ്രഖ്യാപനത്തെ തള്ളി പ്രതിപക്ഷം, പാർലമെന്റിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകർത്തത് പ്രധാനമന്ത്രി തന്നയാണെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും ,വിദ്യാർത്ഥികളോട് സർക്കാരും പ്രധാനമന്ത്രിയും മാപ്പ് പറയണമെന്നും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തികച്ചും ന്യായവും വ്യക്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനിടയാക്കി.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. എംപിമാർക്കിടയിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യോഗസ്ഥർ ഇടയിൽ നിന്ന് സംഘർഷം ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.

സമരം രാജ്യവ്യാപകമായി ആളിപ്പടർന്നപ്പോൾ മാത്രമാണോ കേന്ദ്ര സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കെ സി ചോദിച്ചു. നീറ്റ് പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട കുറ്റവാളികളെ വെറുതെ വിടില്ലെന്നും അവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.