Banner Ads

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് ആരോപണം: എസ്.ഐയെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു; കാറിൽ നിന്ന് മദ്യക്കുപ്പിയും ചീട്ടുകെട്ടും കണ്ടെടുത്തു

ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ സബ് ഇൻസ്പെക്ടറെയും ഡ്രൈവറെയും നാട്ടുകാരും ഡിവൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണുന്ന സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്.ഐ റോയ് സുകുമാരൻ, ഒപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവർ എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്.

തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം നാട്ടുകാർ ആഘോഷപരിപാടികൾ ആരംഭിക്കുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈ.എഫ്.ഐ പ്രവർത്തകരും ബഹളം വെക്കുകയായിരുന്നു.
സംഭവമറിഞ്ഞ് തൊടുപുഴ എസ്.എച്ച്.ഒ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പോലീസിന്റെ ഔദ്യോഗിക വാഹനത്തിനുള്ളിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ചീട്ടുകെട്ടും കണ്ടെടുത്തു.പ്രാഥമിക പരിശോധനയായ ബ്രീത്ത് അനലൈസറിലോ രക്തപരിശോധനയിലോ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കൂടുതൽ കൃത്യതയ്ക്കായി രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുന്നതിനിടെ പോലീസുകാർക്കെതിരെ ഉയർന്ന ആരോപണം ഗൗരവമായി കാണുന്നതായി ഇടുക്കി എസ്.പി പ്രതികരിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി, തൊടുപുഴ ഡിവൈ.എസ്.പി എന്നിവർക്ക് എസ്.പി നിർദ്ദേശം നൽകി. രക്തപരിശോധനാ ഫലം വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.