
ആലപ്പുഴ: കടത്തിണ്ണയിൽ കിടന്നുറങ്ങിയ തമിഴ്‌നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് കടലൂർ സ്വദേശി പഴനിവേൽ (52) കൊല്ലപ്പെട്ട കേസിലാണ് തുറവൂർ കിഴക്കേ നികാരത്തിൽ ഉണ്ണികൃഷ്ണന് (44) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-2 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്.2024 ഓഗസ്റ്റ് 5-ന് രാത്രി ഏഴരയോടെ തുറവൂർ ക്ഷേത്രത്തിന് വടക്കുവശമുള്ള കടത്തിണ്ണയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
പഴനിവേൽ സ്ഥിരമായി കിടന്നുറങ്ങാറുള്ള കടത്തിണ്ണയിൽ നിന്ന് മാറിപ്പോകാൻ ആവശ്യപ്പെട്ട് പ്രതി ഉണ്ണികൃഷ്ണൻ തർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന വെട്ടരിവാളെടുത്ത് കഴുത്തിന് വെട്ടുകയുമായിരുന്നു. സംഭവദിവസം തന്നെ കുത്തിയതോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ അജയമോഹനന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. എ. ശ്രീമോൻ ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ മാത്യു, ആൻസൺ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.