
കോഴിക്കോട് : താമരശ്ശേരിയിൽ വീടുകളുടെ മുറ്റത്ത് പൂർണ്ണനഗ്നനായെത്തി ഭീതി പരത്തി അജ്ഞാതൻ. താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ ഒതയോത്ത്, വെഴുപ്പൂർ ഭാഗങ്ങളിലെ വീടുകളിലാണ് പുലർച്ചെ നാല് മണിയോടെ മുഖം മൂടിയ നിലയിൽ അജ്ഞാതൻ എത്തിയത്.
വീട്ടുപറമ്പിലൂടെ നടന്ന് ചുറ്റുമതിലും പരിസരങ്ങളും നിരീക്ഷിച്ച ശേഷം കോളിംഗ് ബെല്ലടിക്കുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ഒരു വീടിന്റെ മുന്നിലെത്തി കോളിംഗ് ബെല്ലടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണശ്രമത്തിന്റെ ഭാഗമായാണോ ഇയാൾ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. താമരശ്ശേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജ്ഞാതർ വന്ന് കോളിംഗ് ബെല്ലടിച്ചാൽ വാതിൽ തുറക്കരുതെന്ന് പൊലീസ് പ്രദേശവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി.