Banner Ads

അമ്മമാരുടെ പണം കൊണ്ടല്ല ജീവിക്കുന്നത്; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി അനാമിക

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരും ആരാധകർക്ക് പ്രിയങ്കരരുമായ ദമ്പതിമാരാണ് അനാമികയും വിഷ്ണുവും. ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്ന അനാമികയെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരി ഉദയ ഗിരിജ മകനായ വിഷ്ണുവിന് വിവാഹം കഴിച്ചു നൽകിയ വാർത്ത മുൻപ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

വിവാഹശേഷവും യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവ സാന്നിധ്യമാണ് അനാമികയും ഗിരിജയും വിഷ്ണുവുമെല്ലാം. അടുത്തിടെ തങ്ങൾക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാമിക.

കാരുണ്യ ഭവനിലെ അന്തേവാസികളായ അമ്മമാരെ പട്ടിണിക്കിട്ടും പറ്റിച്ചുമാണ് കുടുംബം കഴിയുന്നതെന്ന തരത്തിൽ യൂട്യൂബ് വീഡിയോകൾക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾക്കെതിരെയാണ് അനാമിക പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്.

തങ്ങളെ സ്നേഹിക്കുന്ന സബ്സ്ക്രൈബേഴ്സ് മുന്നിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാനും യാഥാർത്ഥ്യം മനസ്സിലാക്കാനുമാണ് ഈ തുറന്നുപറച്ചിലെന്ന് അനാമിക വ്യക്തമാക്കുന്നു. ജീവമാതാ കാരുണ്യ ഭവനിലെ അമ്മമാരുടെ പണം കൊണ്ടാണ് ജീവിക്കുന്നതെന്ന ആരോപണം തെറ്റാണ്.

ഞാനും ഭർത്താവും മകളും ഒരു വീടെടുത്താണ് താമസിക്കുന്നത്. അമ്മയും കുടുംബവും സ്ഥാപനത്തോട് ചേർന്നുള്ള വീട്ടിലുമാണ് കഴിയുന്നത്. വീട്ടുചെലവുകൾ മുഴുവൻ നോക്കുന്നത് ഭർത്താവ് വിഷ്ണുവാണ്. അദ്ദേഹം ജോലിക്ക് പോകുന്നുണ്ടെന്നും മാസം പതിനയ്യായിരം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നുണ്ടെന്നും അനാമിക വിഡിയോയിൽ പറയുന്നു.

മകളുടെ കാര്യങ്ങൾ നോക്കുന്നതിനും വീട്ടുജോലികൾക്കും പഠനത്തിനും ശേഷം ബാക്കി ലഭിക്കുന്ന സമയമാണ് സോഷ്യൽ മീഡിയയ്ക്കായി മാറ്റിവെക്കുന്നത്. ഫേസ്ബുക്കിലും യൂട്യൂബിലും ഇടുന്ന പ്രയത്നത്തിന് അനുസരിച്ച് ലഭിക്കുന്ന വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് തികയുന്നുണ്ട്.

ഞാൻ ഉണ്ണിമോളെ ഗർഭിണിയായിരുന്ന സമയത്ത് എന്റെ ഭർത്താവ് രാത്രിയോ പകലെന്നോ ഇല്ലാതെ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ടാണ് കുടുംബത്തെ നോക്കിയത്. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കാൻ ഞാൻ പ്രാപ്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. എല്ലാ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്.

അത് കണ്ടന്റ് ക്രിയേഷൻ ആണെങ്കിൽ പോലും. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അനാവശ്യമായി വ്യക്തിഹത്യ നടത്തുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും അധ്വാനിച്ച് തന്നെയാണ് തങ്ങൾ ജീവിക്കുന്നതെന്നും അനാമിക പറഞ്ഞു.