
മലപ്പുറം: മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപകമായി ബൈക്കുകളും വാഹന ബാറ്ററികളും മോഷ്ടിച്ച് വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (20), കുറ്റിപ്പുറം സ്വദേശി നിതിൻദാസ് (21), തവനൂർ സ്വദേശി റിജിൻ ദാസ് (22) എന്നിവരാണ് പോലീസിന്റെ വലയിലായത്.വളാഞ്ചേരി കൊട്ടാരത്ത്, കുളമംഗലം മേഖലകളിൽ വാഹനങ്ങളും ബാറ്ററികളും മോഷണം പോകുന്നത് പതിവായതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തുടർന്ന് തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ധിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് (DANSAF) സംഘവും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂരിലെ പേരാമംഗലം, കോട്ടയത്തെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നും പ്രതികൾ സമാനരീതിയിൽ മോഷണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
മോഷ്ടിക്കുന്ന വാഹനങ്ങളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലെ ഏജന്റുകൾ വഴിയാണ് പ്രതികൾ വിറ്റിരുന്നത്. പിടിയിലായ റിജിൻ ദാസിനെതിരെ മുൻപും തൃശൂർ, തിരൂർ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി ഇൻസ്പെക്ടർ അറിയിച്ചു.
തിരൂർ ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, എസ്.സി.പി.ഒ ഉദയകുമാർ, സി.പി.ഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ നിതിൻ, ഷിജിൻ, സി.പി.ഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.