
കോട്ടയം : പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രതികരണവുമായി മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. ജനാധിപത്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അഭിമാനത്തോടെയാണ് പദവിയിൽ നിന്നിറങ്ങുന്നതെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.
വിപ്പ് ലംഘിച്ചാണ് ചില കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. യുഡിഎഫ് നേതൃത്വമാണ് എന്നെ ചെയർപേഴ്‌സൺ സ്ഥാനമേൽപ്പിച്ചത്. ആറുമാസത്തെ ഭരണത്തിനിടയിൽ അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ല.
തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസം കൊണ്ടുവന്നവർക്കോ പിന്തുണച്ചവർക്കോ സാധിച്ചിട്ടില്ല. ജനപ്രിയ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരും പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതം.
ഇനി കൗൺസിലറായി തുടർന്നു പ്രവർത്തിക്കുകയും ഒപ്പം പഠനവുമായി മുന്നോട്ട് പോവുകയും ചെയ്യും. യുഡിഎഫ് നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. ഇന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കരുതെന്നാണ് യുഡിഎഫ് നേതൃത്വം നിർദ്ദേശിച്ചത്.
കോൺഗ്രസ് നേതൃത്വം സ്വന്തം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ചുപോയ അംഗങ്ങൾക്കെതിരെ കോൺഗ്രസ് ഉചിതമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബിനു പുളിക്കകണ്ടം കൂട്ടിച്ചേർത്തു.