
തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്ന കള്ളൻ വിജയൻ എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെആർ അജയനെ മാറ്റി. ടി ചന്ദ്രമോഹനാണ് പകരം ചുമതല.
തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചിട്ടും വഴങ്ങാത്തതിനും തർക്കവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനും അജയനോട് റസിഡന്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. ടിസി രാജേഷ് എഴുതിയ കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പിഒ എന്ന ലേഖനം പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ളതായിരുന്നു.
ഇതിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ടാണിതെന്നും അജയൻ നിലപാടെടുത്തു. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും എഡിറ്റർ അതിന് തയ്യാറായില്ല. ഇതേത്തുടർന്നുള്ള തർക്കമാണ് സൺഡേ സപ്ലിമെന്റ് തന്നെ പിൻവലിക്കുന്നതിലേക്ക് നയിച്ചത്.
റസിഡന്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് തലക്കെട്ടിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്ന മറുപടിയാണ് അജയൻ നൽകിയത്. തുടർന്നാണ് ഇയാളെ ചുമതലയിൽ നിന്ന് നീക്കിയത്. പിന്നീട് ലേഖനം എഴുതിയ മാധ്യമപ്രവർത്തകൻ അതേ തലക്കെട്ടിൽ ലേഖനം ഫേസ്ബുക്കിൽ പങ്കുവെക്കുകയുമുണ്ടായി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്റ് എഡിറ്ററുമായിരിക്കെ പത്രത്തിലുണ്ടായ ഈ സംഭവം പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. ഒരു സാധാരണ ലേഖനത്തിലെ തലക്കെട്ട് വിവാദമാകാൻ അനുവദിച്ചതിലും സപ്ലിമെന്റ് തന്നെ പിൻവലിക്കേണ്ടി വന്നതിലും പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.