
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷത്തിന്റെ പ്രമേയം വിജയിച്ചത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണായ ദിയ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമായി.ആകെ 26 കൗൺസിലർമാരുള്ള നഗരസഭയിൽ 17 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഹാജരായ മുഴുവൻ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.എൽ.ഡി.എഫ് കൗൺസിലർമാർ 12 കോൺഗ്രസ് അംഗങ്ങൾ 4 സ്വതന്ത്ര അംഗം 1 ദിയ ബിനുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ രംഗത്തുവന്നതോടെയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഭരണം നഷ്ടപ്പെടുന്ന നിലപാട് സ്വീകരിക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയിരുന്നെങ്കിലും പ്രാദേശിക ജനപ്രതിനിധികൾ അത് അവഗണിച്ചു.വിപ്പ് ലംഘിച്ചതിൽ ജില്ലാ യു.ഡി.എഫ് നേതൃത്വം ശക്തമായ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്തവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും അടക്കം 14 പേരുടെ പിന്തുണയോടെയായിരുന്നു നഗരസഭയിൽ ഭരണമുന്നണി പ്രവർത്തിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെയാണ് ഭരണസമിതി പ്രതിസന്ധിയിലായതും ഒടുവിൽ അവിശ്വാസത്തിലൂടെ പുറത്തായതും.