Banner Ads

13 പേർ ജയിലിൽ, പുനപരീക്ഷ നടത്തി; നീറ്റ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നരേന്ദ്ര മോദി

ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ എം പിമാരുടെ യോഗത്തിലാണ് നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയത്. കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഉടൻ പുനപരീക്ഷ നടത്തുകയും ഫലം വേഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തതായി മോദി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ കടുത്ത പ്രക്ഷോഭം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. മന്ത്രിയെ സംരക്ഷിച്ചു നിർത്തി മുഴുവൻ വീഴ്ചയും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ വാക്കുകളെന്ന് ആരോപണമുണ്ട്.

ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎ യോഗത്തിൽ മോദി വിഷയത്തെ കുറിച്ച് സംസാരിച്ചത്.