
തിരുവനന്തപുരം : വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ ഗൃഹനാഥനെയും മകനെയും സങ്കേതത്തിലെത്തിച്ച് തല്ലിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസ്.
വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽ കുമാർ (51), മകൻ അച്ചു (20) എന്നിവരെയാണ് മുഖ്യപ്രതി വെള്ളല്ലൂർ പുളിയറക്കോണം സ്വദേശി സുധീഷും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്. അനിൽ കുമാറിന്റെ മകളെ സുധീഷിന് വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം.
വെള്ളല്ലൂർ വട്ടവിളയിലെ വിജനമായ പ്രദേശത്തുള്ള പണി പൂർത്തിയാകാത്ത വീടാണ് അക്രമത്തിനായി പ്രതികൾ തെരഞ്ഞെടുത്തത്. ബഹളം പുറത്തുകേൾക്കാതിരിക്കാൻ കെട്ടിടത്തിനുള്ളിൽ സൗണ്ട് പ്രൂഫ് സൗകര്യമുള്ള മുറിയടക്കം ക്രമീകരിച്ചിരുന്നു.
അനിൽ കുമാറിനെയും മകനെയും ഇവിടേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. അമ്മയെയും കുടുക്കാൻ ശ്രമിച്ചതോടെയാണ് പദ്ധതി പാളിയതും പൊലീസ് സ്ഥലത്തെത്തി അനിൽ കുമാറിനെ രക്ഷപെടുത്തിയതും. അനിൽ കുമാർ വർക്കലയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സുധീഷിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും അക്രമസംഘത്തിൽ ഉണ്ടായിരുന്നു. പൊലീസ് എത്തിയ വിവരമറിഞ്ഞ് സ്വന്തം വാഹനങ്ങളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.