Banner Ads

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച ചെന്താമരയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. നിലവിൽ മറ്റ് രണ്ട് വധശിക്ഷാ തടവുകാരാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്നത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ചെന്താമര വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും, പ്രതിക്ക് കുറ്റബോധമില്ലെന്നും, മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.

37 പേരാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ നാല് പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ രണ്ട് പേരും തിരുവനന്തപുരം വനിത ജയിലിൽ മൂന്ന് പേരും.