
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് മെഷീനുകളിലെ സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ റേഷൻ കടകളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. രാവിലെ മുതൽ മെഷീനുകൾ പ്രവർത്തിക്കാതായതോടെ ഉച്ചയ്ക്ക് 12 മണി വരെയുള്ള റേഷൻ വിതരണം തടസ്സപ്പെട്ടു. റേഷൻ വാങ്ങാനെത്തിയ നൂറുകണക്കിന് ആളുകളാണ് ഇതോടെ നിരാശരായി മടങ്ങിയത്.
സാങ്കേതിക തകരാർ പരിഹരിച്ചില്ലെങ്കിൽ വൈകുന്നേരത്തെ വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.അതേസമയം, പൊതുവിഭാഗത്തിലുള്ള (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (PHH – പിങ്ക്) തരംമാറ്റുന്നതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.കാർഡ് തരംമാറ്റാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.