Banner Ads

കോടതി വിശ്വാസം കാത്തു, ഇനി ആ നാട്ടിലേക്കില്ല; ചെന്താമരയുടെ വധശിക്ഷയിൽ പ്രതികരിച്ച് സുധാകരന്റെ മക്കൾ

പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കൊടുംകുറ്റവാളി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കോടതിയിൽ അവസാന നിമിഷം വരെ വിശ്വാസമുണ്ടായിരുന്നുവെന്നും കോടതി ആ വിശ്വാസം കാത്തുസൂക്ഷിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മാധ്യമങ്ങളോട് പറഞ്ഞു.

നീതി ലഭ്യമാക്കാൻ ഒപ്പം നിന്ന അഭിഭാഷകർ, പോലീസ്, കോടതി, പൊതുസമൂഹം തുടങ്ങി എല്ലാവരോടും നന്ദി. ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിലും 20 ലക്ഷം രൂപ പിഴത്തുക അനുവദിച്ചതിലും സന്തോഷമുണ്ട്. ഈ തുക വലിയൊരു സഹായമാകും. ആ വീട്ടിലേക്ക് ഇനി മടങ്ങുന്നില്ല. അച്ഛന്റെയും അച്ചമ്മയുടെയും ഓർമ്മകൾ മാത്രമേ അവിടെയുള്ളൂ. നാട്ടിലേക്ക് തിരിച്ചെത്തുന്നത് വിഷമമുണ്ടാക്കും.

ചെന്താമരയ്ക്ക് ആരോടും ഒന്നിനോടും ഭയമില്ല. കോടതി വിധിക്കു ശേഷവും അയാളുടെ മുഖഭാവത്തിൽ ഒരു മാറ്റവുമില്ലായിരുന്നു. അയാൾ ചെയ്ത ക്രൂരതയ്ക്ക് ഉള്ളിൽ കിടന്ന് അനുഭവിക്കണം. വധശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീലിന് പോകുകയാണെങ്കിൽ വിധി നടപ്പാക്കാനായി നമ്മളും അപ്പീലിന് പോകുമെന്നും സുധാകരൻ്റെ മക്കൾ പറഞ്ഞു.