Banner Ads

കൊച്ചിയിൽ പൊലീസുകാരന് മർദ്ദനം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ഫോട്ടോയെടുത്തതിന് അതിക്രമം; മൂന്ന് പേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ ബൈക്കിൽ ട്രിപ്പിൾസ് യാത്ര ചെയ്തത് മൊബൈലിൽ പകർത്തിയ പൊലീസുകാരന് നേരെ ക്രൂരമായ മർദ്ദനം. മുഖ്യമന്ത്രിയുടെ യാത്രാ സുരക്ഷയുടെ ഭാഗമായി ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി കടന്നുപോകാൻ ഇരുന്ന സമയത്ത് പ്രതികളായ മൂവരും ഒരേ ബൈക്കിൽ (ട്രിപ്പിൾസ് അടിച്ച്) ഈ പ്രദേശത്ത് പലതവണ സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നിയമലംഘനം ചോദ്യം ചെയ്യാനും തെളിവിനായും ഇദ്ദേഹം മൊബൈൽ ഫോണിൽ ഇവരുടെ ചിത്രം പകർത്തി.ചിത്രം എടുത്തതിൽ പ്രകോപിതരായ പ്രതികൾ പൊലീസുകാരന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, അദ്ദേഹത്തെ നിലത്തുതള്ളിയിട്ട് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതികളെ മറ്റ് പൊലീസുകാർ ചേർന്ന് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.