
മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് സ്വകാര്യ ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.
ലൈംഗികാതിക്രമം നേരിട്ട യുവതി ധൈര്യപൂര്‍വ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ചങ്ങരംകുളം – കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം.
ബസ്സിലെ തിരക്ക് മുതലെടുത്താണ് പ്രതിയായ മുർഷിദ് തനിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിർന്നതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. പ്രതിയുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുവതി ബസിനുള്ളിൽ വെച്ച് ഇയാളെ ചോദ്യം ചെയ്തു.
യാത്ര അവസാനിച്ച ഉടൻ തന്നെ യുവതി ധൈര്യപൂർവ്വം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമം നടത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ചങ്ങരംകുളം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.