
മോറാഴ: വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പിന്റെ റെസ്ക്യൂ ടീം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശിനി റംലയുടെ വീട്ടിലാണ് ഇന്ന് രാവിലെ ആറ് മണിയോടെ പാമ്പിനെ കണ്ടെത്തിയത്.രാവിലെ അടുക്കളയിൽ പാത്രങ്ങൾ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് റംല പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ഗ്രില്ലിനിടയിലൂടെ അകത്തുകടന്ന പെരുമ്പാമ്പ് അവിടെയുണ്ടായിരുന്ന പൂച്ചയെ വിഴുങ്ങുകയായിരുന്നു.
പൂച്ചയെ വിഴുങ്ങി വയർ വീർത്തതോടെ പാമ്പിന് വന്ന വഴിയിലൂടെ തിരിച്ചുപോകാൻ കഴിഞ്ഞില്ല.സ്ത്രീകളും കുട്ടികളുമുള്ള വീട്ടിൽ കൂറ്റൻ പാമ്പിനെ കണ്ടത് പ്രദേശത്ത് അല്പസമയം പരിഭ്രാന്തി പരത്തി. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂവർമാർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നുവിടുകയും ചെയ്തു.