Banner Ads

നെടുങ്കയത്ത് വനപാതയോരത്ത് പുലി; പകൽ സമയത്തെ പുലിദർശനത്തിൽ നടുങ്ങി നാട്ടുകാരും സഞ്ചാരികളും

മലപ്പുറം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കരുളായി നെടുങ്കയത്തേക്കുള്ള വനപാതയോരത്ത് പകൽ സമയത്ത് പുള്ളിപ്പുലിയെ കണ്ടതോടെ പ്രദേശവാസികളും സഞ്ചാരികളും കനത്ത ജാഗ്രതയിൽ. ചെറുപുഴ-നെടുങ്കയം വനപാതയിലെ ചെറുപുഴ ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി, റോഡരികിലെ ‘ആനപ്പാറ’യ്ക്ക് മുകളിലാണ് പുലിയെ കണ്ടെത്തിയത്.കോഴിക്കോട് ഐ.ടി.ഐയിലെ വാച്ച്മാനും നെടുങ്കയം ട്രൈബൽ വില്ലേജ് സ്വദേശിയുമായ രതീഷാണ് രാവിലെ ആറ് മണിയോടെ ജോലിക്ക് പോകുന്നതിനിടെ പുലിയെ ആദ്യമായി കണ്ടത്.

പാറപ്പുറത്ത് വിശ്രമിക്കുകയായിരുന്ന പുലിയെ കണ്ട് രതീഷ് സഞ്ചരിച്ചിരുന്ന ഓട്ടോ നിർത്തി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. യാതൊരു പ്രകോപനവുമില്ലാതെ ക്യാമറയിലേക്ക് നോക്കിക്കിടന്ന പുലി, അല്പസമയത്തിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.ഈ പാതയോരത്ത് കാട്ടാനയും മാനും കാട്ടുപോത്തുമൊക്കെ സ്ഥിരക്കാഴ്ചയാണെങ്കിലും, പകൽ സമയത്ത് പുലിയെ കാണുന്നത് തികച്ചും അപൂർവമാണെന്ന് വനവാസികൾ പറയുന്നു.ദൃശ്യങ്ങളിൽ കണ്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നെടുങ്കയം ട്രൈബൽ വില്ലേജിൽ പുലിശല്യം കടുത്തതാണ്.

സമീപകാലത്തായി പ്രദേശവാസികളുടെ നിരവധി ആടുകളെയും വളർത്തുനായ്ക്കളെയും പുലി പിടികൂടിയിട്ടുണ്ട്.ഒട്ടനവധി വിനോദസഞ്ചാരികൾ നിത്യേന കടന്നുപോകുന്ന വനപാതയായതിനാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രദേശത്തെ പുലിശല്യത്തിന് ശാശ്വത പരിഹാരം കാണാനും വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.