Banner Ads

മകന്റെ ബാങ്ക് വായ്പ ചതിച്ചു; 70 പിന്നിട്ട വയോധിക ദമ്പതികൾ ജപ്തിയെ തുടർന്ന് വാടകവീട്ടിൽ ദുരിതത്തിൽ

കൂത്താട്ടുകുളം: പൊലീസ് ഉദ്യോഗസ്ഥനായ മകൻ മാതാപിതാക്കളെ അറിയിക്കാതെ എടുത്ത ബാങ്ക് വായ്പയുടെ കുടിശികയെ തുടർന്ന് വീടും സ്ഥലവും ജപ്തി ചെയ്യപ്പെട്ടതോടെ, വയോധിക ദമ്പതികൾ തെരുവിലേക്ക് തള്ളപ്പെട്ടു. ഇലഞ്ഞി അന്ത്യാൽ പാറേക്കാട്ടിൽ ചാത്തൻ ഗോപാലൻ (73), ഭാര്യ കുഞ്ഞമ്മ ഗോപാലൻ (71) എന്നിവരാണ് സ്വന്തം വീട് നഷ്ടപ്പെട്ട് ഇപ്പോൾ നാട്ടുകാരുടെ സഹായത്തോടെ വാടകവീട്ടിൽ കഴിയുന്നത്.

പിറവം കക്കയത്ത് താമസിച്ചിരുന്ന ഇവർ 2007-ൽ സ്വന്തം സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അന്ത്യാലിൽ ഒൻപതര സെന്റ് സ്ഥലം വാങ്ങിയതും വീട് നിർമ്മിച്ചതും. അന്ന് മകന്റെ പേരിലാണ് സ്ഥലം വാങ്ങിയത്. ആ സമയം വരെ കുടുംബത്തിന് യാതൊരു കടബാധ്യതകളും ഉണ്ടായിരുന്നില്ല.മാതാപിതാക്കൾ അറിയാതെ മകൻ ഈ സ്ഥലം പൊതുമേഖലാ ബാങ്കിൽ ഈട് വെച്ച് ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തു. പലിശയും പിഴപ്പലിശയും കയറി കുടിശിക 40 ലക്ഷത്തോളം രൂപയായതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു.

നാല് വർഷം മുൻപ് വീടൊഴിയാൻ മകൻ ആവശ്യപ്പെട്ടെങ്കിലും ഇവർ മൂന്ന് വർഷത്തോളം അവിടെത്തന്നെ തുടർന്നു. എന്നാൽ, ഒരു വർഷം മുൻപ് ബാങ്ക് അധികൃതർ വീട് പൂർണ്ണമായും ജപ്തി ചെയ്ത് പൂട്ടിയതോടെ ഇവർക്ക് പടിയിറങ്ങേണ്ടി വന്നു.ഹൃദയസംബന്ധമായ അസുഖങ്ങളും കടുത്ത കാഴ്ചക്കുറവും അനുഭവിക്കുന്ന ആളാണ് ഗോപാലൻ. നിലവിൽ വീടിനടുത്ത് നടത്തുന്ന ഒരു ചെറിയ പെട്ടിക്കടയിൽ നിന്നുള്ള തുച്ഛമായ വരുമാനവും നാട്ടുകാരുടെ കാരുണ്യവും മാത്രമാണ് ഈ പ്രായമായ ദമ്പതികളുടെ ഏക ആശ്രയം.

സാമ്പത്തികമായി ശേഷിയില്ലാത്ത ഇവരുടെ പെൺമക്കൾ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ 2022-ന് ശേഷം മകൻ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല.ആർ.ഡി.ഒ-യ്ക്ക് നൽകിയ പരാതിയെ തുടർന്ന് മാതാപിതാക്കൾക്ക് പ്രതിമാസം 3,000 രൂപ വീതം ജീവനാംശം നൽകാമെന്ന് മകൻ സമ്മതിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഈ തുക നൽകാൻ മകൻ തയ്യാറായിട്ടില്ലെന്ന് വാർഡ് മെമ്പർ മോളി ഏബ്രഹാം വ്യക്തമാക്കി.