
പൂരി : ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറോളം പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അമിതമായ ജനത്തിരക്കിൽ പെട്ട് നിരവധി ഭക്തർക്ക് ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു.
പരിക്കേറ്റവരെയും ശാരീരിക അസ്വസ്ഥതകൾ നേരിട്ടവരെയും സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രഥയാത്ര ദിവസത്തെ കടുത്ത ചൂടും വലിയ ജനക്കൂട്ടവും കാരണം അഞ്ഞൂറിലധികം ഭക്തർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ അടിയന്തര വൈദ്യസഹായങ്ങളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാൻ ഒഡിഷ ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് അസ്വസ്ഥതകൾ നേരിട്ടവരെ ആശുപത്രികളിലേക്ക് മാറ്റിയത്.