Banner Ads

ഷൊർണൂരിൽ നിന്ന് കാണാതായ കുടുംബം കർണാടകയിൽ; നിർണായകമായത് ഉപേക്ഷിച്ച പിക്കപ്പ് വാനും സിസിടിവി ദൃശ്യങ്ങളും

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. ഇവർ മൈസൂരൂ ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. കാണാതായ പനയൂർ സ്വദേശി ബാബു ഭാസ്കറിനെ കണ്ടെത്താനായി ഇയാളുടെ മൂത്തമകൻ വൈശാഖും കർണാടകയിലെത്തിയിട്ടുണ്ട്.വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്.

ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാൻ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ പിന്നീട് വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ കർണാടകയിലേക്ക് എത്തിച്ചത്.ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് കുടുംബം നിലവിൽ കർണാടകയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.